സീറ്റുകള്‍ മാറില്ല – സി.പി.ഐ, ജനതദള്‍
പൊന്നാനി ലോക്‌സഭാ സീറ്റ് സി.പി.ഐയില്‍നിന്ന് എടുക്കാനും അവിടെ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുമാണ് സി.പി.എം. തീരുമാനം. ജനതാദളില്‍നിന്നും കോഴിക്കോട് സീറ്റ് ഏറ്റെടുത്ത ശേഷം വയനാട് സീറ്റ് ദളിന് നല്‍കാനാണ് കഴിഞ്ഞ ദിവസം നടന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. ഘടകകക്ഷികളുടെ മുന്നില്‍ മുട്ടുമടക്കേണ്ടെന്നുമാണു സി.പി.എം. നിലപാട്.
പൊന്നാനിയടക്കം തങ്ങള്‍ക്ക് അവകാശപ്പെട്ട നാലു സീറ്റിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നു സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് സി.പി.ഐ നിര്‍വ്വാഹകസമതിയോഗം തീരുമാനിച്ചത്. കോഴിക്കോട് സീറ്റില്‍നിന്നു പിന്‍മാറില്ലെന്നു ജനതാദള്‍ സിറ്റിംഗ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ സീറ്റ് വിഭജനം കൂടുതല്‍ പ്രശ്നമാകും.
കോഴിക്കോടിനു പകരം വയനാടു സീറ്റ് ഏറ്റെടുക്കാനുള്ള ചിന്തയേയില്ലെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞു. മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ പശ്‌ചാത്തലത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശമുയര്‍ന്നതെങ്കില്‍ കേരളത്തിലെ 20 സീറ്റും മാറിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സീറ്റിന് അവകാശമുന്നയിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍.എസ്.പി.
പൊന്നാനിയില്‍ സി.പി.ഐ. ചി ഹ് നത്തില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പി.ഡി.പി. കരുത്തനായ സ്വന്തം സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് അബ്‌ദുള്‍ നാസര്‍ മഅ്‌ദനി പറഞ്ഞു.
- No Comments »
- February 28th, 2009 by admin